ആരാണ് മുജ്തഹിദുകള്‍ - കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍ എഴുതുന്നു.

അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅ എന്നാല്‍ വിശ്വാസ കാര്യങ്ങളില്‍ അശ്അരി - മാതുരീദി മദ്ഹബുകളും കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഹനഫീ, മാലികീ, ശാഫിഈ, ഹന്പലീ മദ്ഹബുകളും പിന്‍പറ്റുന്നവരാണ്.

വിശ്വാസകാര്യങ്ങള്‍ (അടിസ്ഥാനപരം) എല്ലാവര്‍ക്കും ഒരുപോലെ അറിയല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്മാര്‍ക്ക് സാധാരണക്കാരെക്കാള്‍ ഇക്കാര്യത്തില്‍ നൈപുണ്യമാകുമെന്നു മാത്രം. കര്‍മശാസ്ത്ര വിഷയങ്ങള്‍ (ശാഖാപരം) ഗവേഷണത്തിനു പഴുതുള്ളവയാണ്. അതിനാല്‍ തന്നെ ശാസ്ത്രീയ രീതിയില്‍ മനനം സാധിക്കുന്നവര്‍ക്കേ ഈ രംഗത്ത് ശരിയായ അറിവുണ്ടാവൂ. ഈ തരത്തില്‍ ഗവേഷണ യോഗ്യത നേടിയവരാണ് മുജ്തഹിദുകള്‍. അവരുടെ ഗഹനമായ അന്പേഷണവും നീരീക്ഷണവുമാണ് ഇജ്തിഹാദ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ തരത്തില്‍ അന്വേഷണത്തിനും നിരീക്ഷണത്തിനും യോഗ്യത നേടിയവരാണ് തങ്ങളെന്ന് അവകാശപ്പെടുന്ന കുറേയാളുകള്‍ ഇപ്പോഴുമുണ്ട്. അവര്‍ക്ക് പറ്റിയ ചില അനുയായികളും. നമ്മുടെ മലയാള നാട്ടിലെ സ്ഥിതി അതിലും രസാവഹമാണ്. രണ്ടു വര്‍ഷം പ്രിലിമിനറിയും മൂന്നു വര്‍ഷം അഫ്ളലുല്‍ ഉലമായും കഴിഞ്ഞാല്‍ പിന്നെ മുത്‍ലഖ് മുജ്തഹിദായി എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ഇത്തരം മുജ്തഹിദുകള്‍ ഉള്ളത് നമ്മുടെ നാട്ടിലാണെന്നതും ഇവര്‍ അഭിമാനത്തോടെ പറയുന്നു. സത്യത്തില്‍ ഖുര്‍ആന്‍ മുഴുവന്‍ ഒരു തവണ ജലാലൈനി സഹിതം ഓതാന്‍ ഭാഗ്യം കിട്ടാത്തവരാണ് ഈ സാധുക്കള്‍ . ഹദീസ് പഠനത്തിന്‍റെ കാര്യം പറയാനുമില്ല. ബുഖാരിയിലും മുസ്‍ലിമിലും തെരഞ്ഞെടുത്ത എട്ടോ പത്തോ ബാബുകളാണ് ഇവരാകെ ഓതുന്നത്. അതു പരിഭാഷയാണ് ഇവര്‍ക്ക് പഥ്യം. അപ്പോള്‍ ഇജ്തിഹാദിന്‍റെ പൊരുള്‍ വായനക്കാര്‍ക്ക് ഊഹിക്കാമല്ലോ. ഈ കള്ളവാദങ്ങളുടെ ഉള്ളറകള്‍ ചെറുതായി നമുക്ക് പരിശോധിക്കാം. - പരിശുദ്ധ ഖുര്‍ആന്‍ അള്ളാഹുവിന്‍റെ കലാമാണ്. 23 വര്‍ഷങ്ങളിലായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിന്‍റെ വിശദീകരണവും വ്യാഖ്യാനവുമാണ് തിരുചര്യ (ഹദീസ്) എന്നറിയപ്പെടുന്നത്. മനുഷ്യവര്‍ഗത്തിനു വേണ്ടി സര്‍വ്വ കാര്യങ്ങളും വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ , ഇതു മനസ്സിലാക്കാനും വിശദീകരിക്കാനും മനുഷ്യനു സാധ്യമാണോ ?. അല്ലാത്തതുകൊണ്ടാണല്ലോ വിവിധ സന്ദര്‍ഭങ്ങളില്‍ വിവിധ വിഷയങ്ങള്‍ അവതരിച്ചതും പ്രവാചകന്‍ (സ) അവക്ക് വിശദീകരണം നല്‍കിയതും. പ്രവാചകരുടെ ഈ വിശദീകരണം കേട്ടു മനസ്സിലാക്കിയവരാണ് അവിടുത്തെ അനുചരന്മാര്‍. സാന്ദര്‍ഭികവും അവസരോചിതവുമായ വിഷയങ്ങളുടെ വിശദീകരണമാണ് പ്രവാചകരില്‍ നിന്ന് സ്വഹാബത്തിന് ലഭിച്ചത്. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും മാര്‍ഗ്ഗദര്‍ശകങ്ങളാണ് ഖുര്‍ആനും ഹദീസുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. അതതു കാലങ്ങളില്‍ സംഭവിക്കുന്ന പുത്തന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം അവ അനുഭവിക്കാത്തവരും ഉള്‍ക്കൊള്ളാനാവാത്തവരുമായ സ്വഹാബത്തിനു മുന്നില്‍ അവതരിപ്പിക്കുകയെന്നത് അനാവശ്യവും അശാസ്ത്രീയവുമാണ്. എന്നാല്‍ ഇസ്‍ലാമിക നിയമസംഹിത പ്രവാചക കാലത്തു തന്നെ സന്പൂര്‍ണ്ണമാണെന്നത് അസന്നിഗ്ധമായി ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. ഇവിടെയാണ് പുതിയ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന പ്രമാണങ്ങളെ ആസ്പദിച്ച് ഗവേഷണവും മനനവും നടക്കേണ്ടതിന്‍റെ പ്രസക്തി. ഇങ്ങനെയുള്ള ഇജ്തിഹാദ് നിശ്ചയിക്കുക വഴിയാണ് ദീനിന്‍റെ സന്പൂര്‍ത്തീകരണം അള്ളാഹു നിര്‍വ്വഹിച്ചത്. ഖണ്ഡിതമായ പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെടാത്ത വിഷയങ്ങളാണ് ഇജ്തിഹാദിന്‍റെ പരിധിയില്‍ വരിക. തന്‍റെ മുന്പ് ഏതെല്ലാം വിഷയങ്ങളില്‍ മുജ്തഹിദുകള്‍ എന്തെല്ലാം തരത്തിലുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്കിടയില്‍ ഇജ്മാഅ് (ഏകോപനം) സ്ഥിരപ്പെട്ടവ ഏതെല്ലാമാണെന്നും ഗവേഷകര്‍ അറിയല്‍ നിര്‍ബന്ധമാണ്. ഇതിനു പുറമെ താരതമ്യ ശാസ്ത്രം (ഖിയാസ്), അതിന്‍റെ വിവിധ ഇനങ്ങള്‍ ഇവയും മുത്‍ലഖ് മുജ്തഹിദിന് അറിഞ്ഞിരിക്കണം. എത്ര ശ്രമിച്ചിട്ടും ഈ യോഗ്യത നേടാന്‍ കഴിയുന്നവര്‍ ഇല്ലാതെ പോയതിനാലാണ് ഇജ്തിഹാദിന്‍റെ കവാടം അടഞ്ഞുപോയത്. നാലു ഇമാമുകള്‍ക്കു ശേഷം വന്ന മഹാപണ്ഡിതന്മാരൊന്നും സ്വതന്ത്ര മുജ്തഹിദുകളെന്നു വാദിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഇജ്തിഹാദിന്‍റെ പൊരുളും കനവും മനസ്സിലാക്കിയവരായിരുന്നു അവരെല്ലാം. സാക്ഷാല്‍ ഇബ്നുതീമിയ്യ, മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പോലും തങ്ങള്‍ മുഖല്ലിദുകളാണെന്നതില്‍ അഭിമാനിക്കുന്നവരായിരുന്നു. ഈ നിബന്ധനകള്‍ ഒന്നും അറിയാത്ത പരമസാധുക്കള്‍ മുത്‍ലഖ് മുജ്തഹിദുകളാണെന്നു വാദിച്ചു സമയം കളയുന്നുവെങ്കില്‍ അവരെ നമുക്ക് വെറുതെ വിടാം. നാണമില്ലാത്തവന് ആസനത്തില്‍ ആലു മുളച്ചാല്‍ അതും ഒരു തണലാണല്ലോ. നമ്മുടെ കാലത്ത് ഒരു ഡോക്ടറാവാന്‍ എന്തൊക്കെ യോഗ്യത വേണമെന്നൊന്ന് ആലോചിച്ചുനോക്കൂ. ആദ്യം എന്‍ട്രന്‍സ് പാസാവണം. തുടര്‍ന്നു അഞ്ചു വര്‍ഷം നിശ്ചിത വിഷയങ്ങള്‍ മനസ്സിരുത്തി പഠിച്ചു പരീക്ഷയില്‍ പാസ്സാവണം. തുടര്‍ന്ന് പ്രായോഗിക പരിശീലനവും നേടണം. ഇവര്‍ക്കാണ് രോഗികളെ ചികിത്സിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതൊന്നുമില്ലാതെ ഏതാനും മുറിയന്‍ ഇംഗ്ലീഷ് പഠിച്ചവന്‍ മാര്‍ക്കറ്റില്‍ നിന്ന് ഏതാനും വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍ വാങ്ങി വായിച്ച് കഴുത്തില്‍ ഒരു കുഴലും ചുറ്റി ചികിത്സിക്കാനിറങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി. ഇത്തരം മുറിവൈദ്യന്മാരാണ് ഇജ്തിഹാദു ചമഞ്ഞ് ദീനിന്‍റെ വിലക്കുകളെ അപഹസിക്കുന്നത്. അള്ളാഹു കാത്തു രക്ഷിക്കട്ടെ. അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും ഹദീസും അറബി ഭാഷയിലായതിനാല്‍ ഗവേഷണം ചെയ്യുന്നവര്‍ക്ക് ഈ ഭാഷയില്‍ വ്യുല്‍പത്തി അനിവാര്യമാണ്. നഹ്‍വ്, സ്വര്‍ഫ്, ബലാഗ തുടങ്ങിയ വിഷയങ്ങള്‍ നന്നായി മനസ്സിലാക്കി പ്രയോഗിക്കാനറിയുന്നവര്‍ക്കേ ഈ യോഗ്യത നേടാനാവൂ. വിധിവിലക്കുകളുമായി ബന്ധപ്പെട്ട സര്‍വ്വ ആയത്തുകളും ഹദീസുകളും ഗവേഷകന് അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനു പുറമെ അടിസ്ഥാന പ്രമാണങ്ങളിലെ പദപ്രയോഗങ്ങളെ കുറിച്ചും ഗവേഷകന് നല്ല ധാരണ വേണം. സോപാധികം പറഞ്ഞത് ഏവ ? , നിരുപാധികം പറഞ്ഞത് ഏവ, വ്യക്തമായതും അവ്യക്തമായതും ഏവ, പൊതുവായതും പരിമിതമായതുമേവ എന്നിവയൊക്കെ വ്യക്തമായും അറിയണം. ഹദീസുകളുടെ സനദുകളും അവയോടു ബന്ധപ്പെട്ട ബലാബല വിശേഷണങ്ങളും സംബന്ധിച്ച് വ്യക്തമായ അറിവു വേണം. കൂടാതെ ആയത്തുകള്‍ , ഹദീസുകള്‍ എന്നിവ ഏതെല്ലാം പശ്ചാത്തലങ്ങളിലാണ് അവതരിച്ചതെന്നു അറിയല്‍ അത്യാവശ്യമാണ്.