അടഞ്ഞുപോയത് സാന്ത്വനത്തിന്റെ സ്‌നേഹകവാടം - ജിദ്ദ ഇസ്‌ലാമിക് സെന്റര്‍

ജിദ്ദ : സമൂഹത്തിന്റെ ഹൃദയത്തിലേക്ക് തുറക്കപ്പെട്ട സാന്ത്വനത്തിന്റെ സ്‌നേഹകവാടമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്നും നോവുകളുയരുന്നിടത്ത് സമാധാനത്തിന്റെ പൂക്കള്‍ വിടര്‍ത്തി മതേതരത്വത്തിന്റെയും സമുദായസൗഹാര്‍ദത്തിന്റെയും പുതിയ ഒരു വസന്തം സൃഷ്ടിക്കുകയായിരുന്നു തങ്ങളെന്നും ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.

അംഗരക്ഷകരോ കാവല്‍ക്കാരോ ഇല്ലാത്ത, ആര്‍ക്കും എപ്പോഴും കടന്നുചെല്ലാവുന്ന കൊടപ്പനക്കല്‍ ഗേറ്റും ആര്‍ക്കും തുറക്കാവുന്ന തങ്ങളുടെ സ്വന്തം ഡയറിയും അപൂര്‍വ വിസ്മയമാണ്. മനഃസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന ആശങ്കകള്‍ക്കും ആകുലതകള്‍ക്കും അഭയകേന്ദ്രമായിരുന്നു കൊടപ്പനക്കല്‍ തറവാടും ശിഹാബ് തങ്ങളും. തീ കത്തിക്കാനല്ല, തീയണയ്ക്കാനാണ് ആ ജീവിതം സമര്‍പ്പിക്കപ്പെട്ടത്. അദ്ദേഹമില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ ചിത്രംതന്നെ മറ്റൊന്നാവുമായിരുന്നു- അനുസ്മരണ യോഗം വിലയിരുത്തി.

ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ ദശവാര്‍ഷികത്തിന്റെ ഭാഗമായി നിരാലംബരായ പത്തു പേര്‍ക്ക് വീട് നിര്‍മിച്ചുനല്കുന്നതടക്കമുള്ള ദശവാര്‍ഷിക പരിപാടികള്‍ ശിഹാബ് തങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. ദശവാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന പത്തു പുസ്തകങ്ങളില്‍ ഒന്ന് ശിഹാബ് തങ്ങളെക്കുറിച്ചായിരിക്കുമെന്ന് ജിദ്ദാ ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാനുംകൂടിയായ സലാം ഫൈസി പറഞ്ഞു.

ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ഇരിങ്ങാട്ടിരി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുര്‍റഊഫ് ഹുദവി, അബ്ദുസ്സലാം ഫൈസി കടുങ്ങല്ലൂര്‍, അബൂബക്കര്‍ ബാഖവി ഓമാനൂര്‍, അസീസ് പറപ്പൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും അബ്ദുല്‍ ഹക്കീം തിരുവേഗപ്പുറ നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ഖതമുല്‍ ഖുര്‍ആനും പ്രത്യേക പ്രാര്‍ഥനയും മയ്യിത്ത് നമസ്‌കാരവും നടന്നു.





ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു.