കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇഫ്താര്‍ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു.

ജിദ്ദ : കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഇഫ്താര്‍ സംഗമവും ഉംറ നിര്‍വ്വഹിക്കാനെത്തിയ തരിശ് ഖാദി അബൂബക്കര്‍ ഫൈസി, പുളിയക്കുന്നന്‍ അബുഹാജി തുടങ്ങിയവര്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

ശറഫിയ്യ റിലാക്സ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമ സ്വീകരണ ചടങ്ങ് അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വ്രതം മാനസിക ശുദ്ധീകരണത്തിന് മാത്രമല്ല ആത്മ പരിഷ്കരണത്തിന് കൂടി പ്രചോദിതമാവേണ്ട കര്‍മ്മമാണെന്നും വിശപ്പ് എന്ന മാനവിക വികാരത്തിന്‍റെ തീവ്രത അറിയുന്നതിലൂടെ സമസൃഷ്ടി സ്നേഹത്തിന്‍റെ വിശാലമായ ലോകം നോന്പ്നോന്പ് തുറന്നു തരുന്നുണ്ടെന്നും കയ്യെത്താ ദൂരത്തുണ്ടായിട്ടും ഹൃദയ പൂര്‍വ്വം ത്യജിക്കുക എന്ന ക്ഷമയുടെ അതിരുകളില്ലാത്ത ആകാശത്തേക്കാണ് ഓരോ നോന്പും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല മാന്പുഴ അധ്യക്ഷത വഹിച്ചു. ടി.എച്ച്.ദാരിമി, ഹുസൈന്‍ ഫൈസി എടയാറ്റൂര്‍, പി.കെ. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഇ.കെ. യൂസുഫ്, പടിപ്പുര ഉസ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും സൈതലവി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.


- അബ്ദുല്‍ മജീദ് പുകയൂര്‍