അന്ത:ഛിദ്രതകളകറ്റാന്‍ ഇടപെടലുകള്‍ ഉണ്ടാകണം - ഒ.കെ.എം. മൗലവി

ഒ.കെ.എം. മൗലവിക്ക് ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ യാത്രയയപ്പ്

സ്നേഹവും സാഹോദര്യവും അന്യമാകുന്ന സമകാലിക സമൂഹത്തില്‍ മഹല്ലുകളിലെയും സംഘടനകളിലെയും അന്ത:ഛിദ്രതകളകറ്റാനും അകന്നുപോയ കുടുംബ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കാനും പ്രവാസി മലയാളികളുടെ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജെ.ഐ.സി. ഫത്‍വാ ബോര്‍ഡ് അംഗവും എസ്.വൈ.എസ്. ചെയര്‍മാനുമായ ഒ.കെ.എം. മൗലവി അഭ്യര്‍ത്ഥിച്ചു. ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചത്തിലേക്കുള്ള കവാടമാണ് വായനയിലൂടെ തുറക്കപ്പെടുന്നതെന്നും പുസ്തകങ്ങള്‍ വൈജ്ഞാനിക രംഗത്തെ അമൂല്യ സംഭാവനകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ദിശാബോധത്തിന്‍റെ ദശാബ്ദം' എന്ന ജെ.ഐ.സി. ദശവാര്‍ഷികത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്തു പുസ്തകങ്ങള്‍ ഈ രംഗത്ത് ശ്ലാഘനീയമായ ചുവടുവെപ്പാണെന്നും ജെ.ഐ.സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദീര്‍ഘകാലം നേതൃപരമായ പങ്കു വഹിച്ച ഒ.കെ.എം. മൗലവി പറഞ്ഞു.

ജെ.ഐ.സി. ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ അറബിയില്‍ തയ്യാറാക്കിയ സന്ദേശം മുഹമ്മദ് ടി.എച്ച്. ദാരിമി വായിച്ചു. എല്‍ . സി. ഡി. പ്രദര്‍ശനത്തോടെ സമര്‍പ്പിക്കപ്പെട്ട, ഇലക്ട്രേണിക് ഇസ്‍ലാമിക ഗ്രന്ഥ ശേഖരവും ലാപ്ടോപ്പുമടങ്ങുന്ന ജെ.ഐ.സി. ഉപഹാരം വൈവിദ്ധ്യങ്ങളാല്‍ ശ്രദ്ധേയമായിരുന്നു.

സയ്യിദ് സീതിക്കോയ തങ്ങള്‍ , സയ്യിദ് സഹല്‍ തങ്ങള്‍ , കെ.സി. മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , ബാപ്പുട്ടി മുസ്‍ലിയാര്‍ കോടൂര്‍ , ഒ.സി. ഹുസൈന്‍ ഹാജി, കുഞ്ഞമ്മു ഹാജി, കുഞ്ഞിമുഹമ്മദ് പട്ടാന്പി, അബുബക്കര്‍ അരിന്പ്ര, അലി ഹസന്‍ സെയ്ത് മുഹമ്മദ് ആനമങ്ങാട്, കെ. മുഹമ്മദ് കുട്ടി, പി. കുഞ്ഞാനലന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സിയ്യിദ് ഉബൈദുല്ലാ തങ്ങല്‍ സ്വാഗതമാശംസിച്ചു.

- Usman Edathil -