ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ നാഷണല്‍ മോണിറ്ററിങ്‌ കമ്മിറ്റിയില്‍ അംഗത്വം

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറും ആഗോള മുസ്‌ലിം പണ്ഡിത സഭയില്‍ അംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മോണിറ്ററിംഗ്‌ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമാനവ വിഭവ ശേഷി വികസന മന്ത്രി കപില്‍ സിബല്‍ ചെയര്‍മാനായുള്ള മോണിറ്ററിങ്‌ കമ്മിറ്റിയുടെ പുനഃസംഘടിപ്പിച്ച കമ്മിറ്റിയിലേക്കാണ്‌ നദ്‌വി തിരഞ്ഞെടുക്കപ്പെട്ടത്‌. കേരളം, പശ്ചിമ ബംഗാള്‍,ആസാം, ബീഹാര്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍, ജമ്മുകാശ്‌മീര്‍, കര്‍ണാടക, ആന്ധ്രപ്രദേശ്‌, രാജസ്ഥാന്‍ എന്നീ സ്റ്റേറ്റുകളിലെ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, വിവിധ യൂണിവേഴ്‌സിറ്റികളിലെ വി.സിമാര്‍, നാല്‌ എം.പിമാര്‍, മൗലാനാ അഹ്‌മദ്‌ ഖിദ്‌ര്‍ഷാ ദയൂബന്ദ്‌, ലഖ്‌നൗ ദാറുല്‍ ഉലൂമിലെ മൗലാനാ സയ്യിദ്‌ മുഹമ്മദ്‌ റാബിഅ്‌ ഹസനി നദ്‌വി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോഡ്‌ സെക്രട്ടറി മൗലാനാ വലി റഹ്‌മാനി, മുന്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ ഡോ.ഥാഹിര്‍ മഹ്‌മൂദ്‌ തുടങ്ങി 58 പേരും മറ്റു ചില സര്‍ക്കാര്‍ പ്രതിനിധികളുമാണ്‌ കമ്മിററിയിലുള്ളത്‌. കാലാവധി മൂന്നുവര്‍ഷമായിരിക്കും.

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നിരീക്ഷിക്കുകയും ആ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്‌ കൃത്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യേണ്ട കമ്മിറ്റി വൈജ്ഞാനിക-വിദ്യാഭ്യാസ രംഗത്ത്‌ പുരോഗമനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കും. തന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ.ബഹാഉദ്ദീന്‍ നദ്‌വി അമേരിക്കന്‍ ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെ മുപ്പതോളം രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, ഇസ്‌ലാമിക്‌ പ്രൊപഗേഷന്‍ കൗണ്‍സില്‍ ഡയറക്‌ടര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്‌ മുസ്‌ലിം സോഷ്യല്‍ സയന്റിസ്റ്റ്‌സ്‌ അംഗം, കുടുംബം, തെളിച്ചം മാസികകളുടെ ചീഫ്‌ എഡിറ്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചുവരുന്നു.