വ്യാജകേശ ചൂഷണം അന്വേഷിക്കുമെന്നും അഡീഷണല്‍ അഫിഡവിറ്റ് ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും സമസ്ത നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജനുവരി 31ലെ പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായിനിര്‍ത്തി വെച്ചു
തിരുവനന്തപുരം: പ്രവാചകന്റേത് എന്നപേരില്‍ അവതരിപ്പിച്ച വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമെല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 
വ്യാജകേശം 
സത്യവാങ്മൂലത്തില്‍ വന്ന വസ്തുതാപരമല്ലാത്ത വിഷയങ്ങളില്‍ അഡീഷണല്‍ അഫിഡവിറ്റ് നല്‍കി പരിഹാരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അറിയിച്ചു.
കൂടാതെ വ്യാജകേശം ഉപയോഗപ്പെടുത്തി നടത്തുന്ന ആത്മീയ ചൂഷണം സംബന്ധിച്ച് ഉന്നതതല പൊലീസ് അന്വേഷണത്തിന് ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയില്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സംബന്ധിച്ചു. സംഘടന ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിച്ച് പരിഹാര നടപടി ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പ്രഖ്യാപിച്ച പൊലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് താത്കാലികമായി മാറ്റിവച്ചു. എന്നാല്‍ പരിഹാര നടപടികള്‍ക്ക് കാലതാമസമുണ്ടായാല്‍ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 
ചര്‍ച്ചയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡണ്ട് സത്താര്‍ പന്തലൂര്‍ സംബന്ധിച്ചു.
മുഖ്യമന്ത്രിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിശദീകരിച്ച് ഉസ്താദ്‌ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടത്തിയ വിശദീകരണ പ്രഭാഷണത്തിന്‍റെ റെക്കോര്‍ഡ്‌:- താഴെ കേള്‍ക്കാം: