ഹജ്ജ് 2013; അപേക്ഷാഫോം വിതരണം ഇന്നുമുതല്‍

അപേക്ഷകള്‍ക്ക് 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള അപേക്ഷാഫോം ചൊവ്വാഴ്ച മുതല്‍ വിതരണംചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച് 20വരെ സ്വീകരിക്കും.
കരിപ്പൂര്‍ ഹജ്ജ്ഹൗസ്, കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്‍, കോഴിക്കോട് പുതിയറയിലെ ഹജ്ജ് കമ്മിറ്റി ബില്‍ഡിങ്ങിലുള്ള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, വഖഫ് ബോര്‍ഡ് കോഴിക്കോട് റീജിയണല്‍ ഓഫീസ്, എറണാകുളം കലൂരിലെ ഓഫീസ് എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. ഫോം ലഭിക്കുന്നതിന് അപേക്ഷകര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം.
അപേക്ഷാഫോമും ബന്ധപ്പെട്ട വിവരങ്ങളും ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റുകളില്‍നിന്നും ലഭിക്കും. www.hajcommittee.com, www.keralahajcommittee.org
അപേക്ഷകള്‍ക്ക് 2014 മാര്‍ച്ച് 31വരെ കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണം. റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ (70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിക്കുന്നവര്‍) അപേക്ഷയോടൊപ്പംതന്നെ പാസ്‌പോര്‍ട്ട് നല്‍കണം. രജിസ്‌ട്രേഡ് തപാലിലോ സ്​പീഡ് പോസ്റ്റിലോ കൊറിയര്‍ മുഖേനയോ അപേക്ഷ നല്‍കണം. ഇവരുടെ അപേക്ഷ സംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ടെടുക്കും. പൊതുവിഭാഗത്തിലുള്ളവരുടെ അപേക്ഷകള്‍ ഓഫീസില്‍ നേരിട്ടെടുക്കില്ല.
അപേക്ഷയോടൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ പവര്‍ജ്യോതി അക്കൗണ്ട് നമ്പര്‍ 32749477270 എന്ന അക്കൗണ്ടില്‍ ഒരാള്‍ക്ക് 300 രൂപ തോതില്‍ പേ ഇന്‍ സ്‌ലിപ്പ് ഉപയോഗിച്ച് അടച്ചതിന്റെ രസീതിയും പകര്‍പ്പും ഹാജരാക്കണം. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ എല്ലാവരുടെയും തുക ഒന്നിച്ചടയ്ക്കണം. 2013 നവംബര്‍ 20ന് രണ്ടുവയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പ്രൊസസിങ് ഫീസ് അടയേ്ക്കണ്ട.
നേരിട്ടോ മാര്‍ച്ച് 20ന് ശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പത്രസമ്മേളനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ്, മുജീബ് എന്നിവര്‍ പങ്കെടുത്തു.