ചെമ്പരിക്ക ഖാസിയുടെ കൊലപാതകം സി.ബി.ഐ പുനരന്വേഷിക്കണം; ഇതിനായി സുന്നി ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭംനടത്തുമെന്നും നേതാക്കൾ

സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും അട്ടിമറിയും നടന്നു
കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം സി.ബി.ഐ. പുനരന്വേഷിക്കണമെന്ന് സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്ഘടകങ്ങളും സംയുക്തമായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊലപാതകം സംബന്ധിച്ച സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടക്കുകയും ഇടക്കാലത്ത് അന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തതായി അവര്‍ ആരോപിച്ചു. ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയതു മുതല്‍ തന്നെ ലോക്കല്‍ പൊലീസിന്റെ സംശയകരമായ നീക്കങ്ങള്‍ വിമര്‍ശനവിധേയമായിരുന്നു. അസ്വാഭാവിക മരണമായിട്ടും വിരലടയാള വിദഗ്ദ്ധരുടെയോ ഡോഗ് സ്‌ക്വാഡിന്റെയോ പരിശോധന നടന്നില്ല. ഖാസി താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെടുത്ത പ്രശസ്തമായ ഒരു അറബി കവിതയുടെ പരിഭാഷയിലെ ഒരു വരി എഴുതിയ കടലാസ് അടിസ്ഥാനമാക്കി മരണം ആത്മഹത്യയാണെന്നു പറയുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഇത്തരം നീക്കങ്ങളില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നതാണ് കേസ് സി.ബി.ഐ. ഏറ്റെടുക്കുന്നതില്‍ എത്തിച്ചത്.
സംഭവദിവസം രാത്രി ഒരു വെളുത്ത കാര്‍ കടപ്പുറത്ത് വന്ന് നിന്നത് കണ്ടെന്നും നിലവിളി കേട്ടെന്നുമുള്ള പരിസരവാസികളുടെ മൊഴി അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ചില്ല. രാത്രി മണല്‍ വാരുന്നവരെ പൊലീസ് വരുമെന്നു ഭീഷണിപ്പെടുത്തി മാറ്റിയതിലും ദുരൂഹതയുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ക്ക് സാഹസികമായി മാത്രം കയറാവുന്ന പാറക്കല്ലില്‍ നിന്ന് ഖാസി താഴേക്ക് ചാടി ആത്മഹത്യ ചെയ്‌തെന്ന റിപ്പോര്‍ട്ടാണ് പിന്നീട് വന്നത്. പാറയില്‍ നിന്ന് ചാടിയാല്‍ അതിന് താഴെയുള്ള ചെറിയ കല്ലുകളില്‍ തട്ടി പരിക്കേല്‍ക്കാതെ ശരീരം കടലില്‍ എത്തില്ല. എന്നാല്‍ മൃതദേഹത്തില്‍ കണ്ണുകള്‍ക്ക് താഴെ മുറിവും കഴുത്തെല്ലിന് പൊട്ടും മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ആത്മഹത്യ വന്‍ പാപമായി കാണുന്ന ഒരു മതപണ്ഡിതന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുമാണ്.
സി.ബി.ഐ. അന്വേഷണം ഏറ്റെടുത്ത് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കൊലപാതകികള്‍ വലയിലായെന്നും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഖാസിയുടെ
ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതിനിടയിലാണ് അന്വേഷണ ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുന്നത്. വൈകാതെ ആത്മഹത്യാ കഥയുമായി പുതിയ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് വന്നു. അന്വേഷണ ചുമതല മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി കേസ് അട്ടിമറിക്കുകയായിരുന്നെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കി. ഇതിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കില്‍ അന്വേഷണ ചുമതല മറ്റൊരു സി.ബി.ഐ. സംഘത്തെ ഏല്‍പിച്ച് പുനരന്വേഷണം നടത്തണമെന്ന് നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്.വൈ.എസ്. സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ്. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ്. വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ സംബന്ധിച്ചു.